Wednesday 28 May 2014

പുരുഷ വേശ്യകൾ
-----------------------
പുരുഷ വേശ്യകൾ (1)
പുരപ്പുറം തൂക്കുന്നു ;
നഗ്ന താളത്തിൽ
അകത്തളം തുടയ്ക്കുന്നു.
ഗർഭ രതികളൊക്കെയും (2)
മറന്നിട്ട്;
മർമ്മ ഭാഗങ്ങൾ
മറിച്ചു വില്ക്കുന്നു

നിർവികാരത
നിദ്രയിൽ തളിർക്കുന്നു
നിന്ദാ മാരുതൻ
നിശ്ചലം ചിരിക്കുന്നു .
കർമ്മ പാപങ്ങൾ
ദേഹിയിൽ പിറക്കുന്നു ;
കർമ്മ ദോഷങ്ങൾ
കാലിടം തുളയ്ക്കുന്നു .
ആട്ടുകട്ടിലിൽ
ആശകൾ മരിക്കുന്നു ;
ആത്മ രോദനം
ആവിയായ് മറയുന്നു .
ഭരണ തന്ത്രങ്ങൾ
പരസ്പരം മെതിക്കുന്നു
പൗരതന്ത്രങ്ങൾ
ഭരണിയിൽ കിടക്കുന്നു .

പുരുഷ വേശ്യകൾ
അകത്തളം തകർക്കുന്നു
ഖജനാവാം മണ്‍കുടം
ഓട്ടയിട്ടൊടയ്ക്കുന്നു

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

1-പ്രകൃതി വിരുദ്ധ നിലപാടുകൾക്കുടമയായോർ -പുരുഷ വേശ്യകൾ (ലൈംഗികതയല്ല)
2-ഉല്പ്പാദന പ്രക്രിയകൾ

Friday 23 May 2014

ഭാരത ദർശനം
-------------
വരൂ കൂട്ടരെ നമ്മുക്കൊരു
യാത്ര പോകാം ;
പല ഭാഷകൾ കേട്ടെന്റെ പാട്ടു മൂളാം;
വിശ്വ സംസ്കാരവേദിയൊരുക്കുന്ന
കാഴ്ച്ചകൾ കണ്ടുകണ്ടൊത്തു ചേരാം ;
തുഞ്ചൻ പറമ്പിലെ പൂവിറുക്കാം ;
ചെറുശ്ശേരി ഇല്ലത്തെ തേൻ നുകരാം
ഉള്ളൂരിനോടൊത്തു കവിത ചൊല്ലാം
തോന്നക്കലെത്തി തോളുരുമാം ;
ആശാന്റെ വാക്കുകളിലാഴ്ന്നിറങ്ങാം;
മാമ്പഴം പാടി കാതൊരുക്കാം ;
കഥ കളി യാടി യരങ്ങൊരുക്കാം
മലയാള മഹിമയിൽ കണ്‍ കുളിർക്കാം .

അരുവി പുറത്തെത്തി വിളക്കെടുക്കാം;
ഗുരുവോടിടം ചേർന്നു കൂട്ടു കൂടാം
കാലടി മണ്ണും കണ്ടിറങ്ങാം
കാലും മനസ്സും ശുദ്ധ മാക്കാം

കന്യാകുമാരിയിൽ കാത്തു നില്ക്കാം
കാഴ്ചകൾ കണ്ടു കണ്‍ കുളിർക്കാം ;
കണ്ണാടിയിൽ നോക്കി മുഖം തിരയാം
മണ്ണിൽ വിളയുന്ന മണി പെറക്കാം ;
കടലിൻ നെഞ്ചകത്തൊരു
കുളിർ തീർക്കുന്നസ്വാമി തൻ
മണ്ണിൽ സ്മൃതിയൊരുക്കാം
മധുരയും കണ്ടു മനമൊരുക്കാം
പിന്നെ വൃന്ദാവനം കണ്ടു ചുമടിറക്കാം

ടിപ്പുവിൻ കോട്ടയിൽ ഒന്നിറങ്ങാം
ചരിത്രങ്ങൾ ഓർമ്മയിൽ ഓർത്തെടുക്കാം
യമുന തൻ കരയിൽ വന്നിരിക്കാം
താജ്മഹൽ മുറ്റത്തു വീണുറങ്ങാം
വർണ്ണങ്ങൾ തീരത്തൊരു മന്ദഹാസത്തിൽ
തീരത്ഥാടാനത്തിനായി മനസ്സൊരുക്കാം;
രാമനും ബാബറും ചേർന്നൊരു തിണ്ണയിൽ
കാലം കഴിക്കുന്ന കാഴ്ച കാണാം ,
ശാന്തി പൊഴിക്കുന്ന പൂക്കൾ കാണാം

ഗാന്ധിയും നെഹ്രുവും നേതാജിയും ,
പിന്നെ ഭഗത് സിങ്ങുമായി കഥ പറയാം
കാലം തെളിക്കുന്ന നേരായ വഴികളിൽ
കാലിടറാതെ പിന്തുടരാം .

ചരിത്രമുറങ്ങുന്ന ജാലിയൻ ബാഗിൽ
ചാഞ്ഞിരുന്നിത്തിരി നീർ പൊഴിക്കാം
മണ്ണിൽ ജലം ചേർന്നു വളരുമീ
തണലിൽ മണ്‍ മറഞ്ഞോർക്കായ്
കൈയുയർത്താം .

തമ്മിൽ പറഞ്ഞും സ്നേഹം നിറച്ചും
തക്ഷശിലയിൽ അറിവു നേടാം
മണ്ണായ മണ്ണിൽ അറിവു വിളയിച്ചു
വിണ്ണിൻ നെറുകയിൽ വിടർന്നുയരാം .

കാശ്മീരിലെത്തി കണിയൊരുക്കാം
മഞ്ഞിൻ നെറുകയിൽ പൂത്തൊരുങ്ങാം
മഴവില്ലു മായാതെ പണിതെടുക്കാം
പുതിയോരു തലമുറയെ വാർത്തെടുക്കാം

ഗംഗയിൽ ,യമുനയിൽ ,ഗോദാവരിയിലായ്
നന്മകൾ മുക്കി നനച്ചെടുക്കാം ;
കന്യാകുമാരിയും കാശ്മീരുമോത്തൊരു
ഭാരത മണ്ണിൽ ചേർന്നലിയാം .

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Sunday 18 May 2014

അയോദ്ധ്യയിലൂടെ ശേഷിപ്പുകൾ
--------------------------------------
ബാബർ വിളിക്കുന്നു .
"വരൂ രാമാ "
നമുക്കയോദ്ധ്യയിലൂടൊരു
യാത്ര ചെയ്തിടാം .
കൊയ്തൊഴിഞ്ഞ പാടം കണ്ടുവോ ,
പെയ്തൊഴിഞ്ഞ മഴയും കണ്ടുവോ ,
ഡിസംബർ ആറും പൊയ്മുഖമണിഞ്ഞ
അശുഭ ദിനവും കണ്ടുവോ ?
വിധവകളെ നോക്കി ബലികാക്ക
വിധിയെന്ന് വിലപിക്കുന്നതും കണ്ടുവോ
ശോകം വിധിക്കപ്പെട്ട മണ്‍ മക്കൾ
അഭയം തേടി ബലികല്ലിൽ
തലചേർക്കുന്നതും ,
വെന്തെരിഞ്ഞ വിളക്കുമാടങ്ങൾ
ഗതികിട്ടാ പ്രേതം കണക്കേ
വെയിലേറ്റു വിറകൊള്ളുന്നതും കണ്ടുവോ ?
നിണാ നദി വിളിക്കുന്നു .
നിണമൊരു നിറമായി ചിരിക്കുന്നു
ഉരുല്പൊട്ടലിൽ ഭുമി
ഭ്രാന്തമായി ത്രസികുന്നു.
ജഡയാനങ്ങളെ വഹിച്ചു കൊണ്ടു
നിണാനദി കരയുന്നു
യിനിയിവിടെ നിണമൊഴുക്കുവൻ
ബാക്കി നിൽക്കുന്നവരാരൊക്കെ?
രാമാ നിന്റെ പാദങ്ങൾ പതറിയൊ;
കരളൊന്നു പിടച്ചുവൊ ;
കണ്ണുനീർ കവിളിണയരിച്ചുവൊ ;
രുദ്രം കടലായിരമ്പിയൊ ;
ശാപ വാക്കുകൾ -
തലമുറകൾക്കുമേൽ
കൊടിയായി വീശിയൊ ?
രാമനും ബാബറും മനമുരുകി
കരയുമ്പോൾ ;
ജിഹാദ് വിളികളുടെ ഘോഷങ്ങളും ,
ഓം കാര നാദത്തിൻ ഓളങ്ങളും ;
വെന്തെരിഞ്ഞ നഗരത്തിൽ ;
ബാക്കി പത്രമായി നിൽക്കുമ്പോൾ ;
പള്ളിയെന്നൊ ക്ഷേത്രമെന്നോ,
നീയെന്നോ ഞാനെന്നോ ,
ഈ രക്ത പുഴയെ നോക്കി
ഞങ്ങൾ പറയുന്നതെങ്ങനെ .
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/
Like ·  · Promote · 

Saturday 17 May 2014

ഗ്രഹണം
---------------
കാറും കോളും മാഞ്ഞപ്പോൾ
കാറുകളോടി വേഗത്തിൽ ;
നാടു മുടിഞ്ഞു വിറഞ്ഞപ്പോൾ
ഗ്രഹണം വലിയൊരു മറയായി ;
വന്നൊരു വചനം പ്രവചനമായി
നിന്നൊരു കൂട്ടം വഞ്ചിതരായ് !

ഭീതി ഭീകര രൂപത്തിൽ
സൂര്യനെ വന്നു വിഴുങ്ങുമ്പോൾ
ഗ്രഹണം കണ്ടൊരു പണിയാളർ
പക്ഷം പറഞ്ഞൊരു കളിയായി
പാമ്പു വിഴുങ്ങി പരവശനെ
മടലിൻ തണ്ടാൽ അടിയവനെ .

വാന നിരീക്ഷിതർ വാനനരർ
നാവുകൾ നീട്ടി മാളത്തിൽ ;
ഗ്രഹണം വന്നൊരു വിനയായി
ശരണം ,ശരണം സ്വഭവനം;
ഹരണം കഴിഞ്ഞത് നേരായി
ഗ്രഹണം മറഞ്ഞൊരു മുതലായി .

ഭരണം തുടങ്ങി യൊരു കൂട്ടർ
വിവരണ കാലവിളമ്പരത്തൽ
റോഡുകൾ ,കവലകൾ,കാലിടറി
അടിമകൾ മണ്ണിൽ പെയ്തൊടുങ്ങി .

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Tuesday 13 May 2014

മക്കൾക്കു വേണ്ടി
--------------------
എനിക്കെന്റെ മക്കളെ -
തിരികെ വേണം ;
ചരസ്സും ,ചമർപ്പും -
മറന്നു വേണം .
മദ്യ ശാലകൾ
ഒഴിഞ്ഞു വേണം .
കണ്ണിൽ തിളക്കങ്ങ-
ളാർന്നു വേണം ;
കരളിൽ പ്രതീഷകൾ -
ചേർന്നു വേണം .
ഉണർവിൻ ചരിത്രങ്ങൾ -
എഴുത വേണം .
ഉത്തരം സ്വത:മായി -
നല്ക വേണം .
പകയുടെ വേരുകൾ-
അറക്ക വേണം ;
പകരുവാൻ ചിത്രങ്ങൾ -
നിറയെ വേണം .
രാവും പകലും -
കലർന്നു വേണം ;
ചിന്തയിൽ സുരക്ഷിത -
രാക വേണം .
ഭൂമിയും ,പ്രകൃതിയും -
കനിഞ്ഞിടേണം .
എനിക്കെന്റെ മക്കൾക്കായി-
ഒരുക്കിടേണം .
ഗാന്ധിയും, മർടിനും -
കൂടെ വേണം .
നല്ല സ്മരണകൾ-
ഒർത്തിടേണം .
നല്ലതു തിരയുവാൻ -
മനസ്സു വേണം ;
നന്മ ഒരുക്കുവാൻ -
കരുത്തു വേണം .
വർണങ്ങൾ നിറയെ-
വിതറിടേണം ;
വർണ്ണ വെറികൾ-
മറന്നിടേണം .
എനിക്കെന്റെ മക്കളെ-
തിരികവേണം-
രക്തസാക്ഷിയാകാതെ -
തിരിക വേണം .
-
ഹബീബ് ,പെരുംതകിടിയിൽ .
http://habeebesahithyalokam.blogspot.com/.

Sunday 11 May 2014

അയനം
--------------------
അന്യന്റെ അന്നം തിന്നുന്ന ചിന്തകൾ;
അന്യന്റെ അർത്ഥം കവരുന്ന ചിന്തകൾ ;
അന്യന്റെ പത്നിയെ മോഹിക്കും ചിന്തകൾ ;
അന്യന്റെ മക്കളെ കാമിക്കും ചിന്തകൾ ;
അന്യന്റെതൊക്കെയും ഭോഗിക്കും ചിന്തകൾ ;
അതിനിവേശത്തിന്റെ സുഖമുള്ള ചിന്തകൾ .

ഉടലു വിയർക്കാതെ ഉന്നം പിടിക്കുക ;
അദ്ധ്വാനമിറക്കാതെ അർത്ഥം കൊയ്യുക ;
കുതികാൽ വെട്ടി കൂട്ടത്തിൽ നുളയുക ;
അഭ്രപാളിയിൽ വെളുക്കെ ചിരിക്കുക !

അടവുനയത്തിലെ കാണാ കുരുക്കുകൾ;
ചതി വഞ്ചനകളൊക്കെയും നിഴലുകൾ ;
വാതു വെയ്പ്പിന്റെ അണിയറ ചൂതുകൾ ;
വടം വലിയിലെ കാണാ ചരടുകൾ .

കാതടക്കത്തിലെ കള്ളയടവുകൾ;
പള്ളനിറയ്ക്കലിൻ ചായും പതിവുകൾ ;
ഇടം വലം തിരിയുന്ന കാടൻ ചിന്തകൾ ;
ഇടയിലിത്തിരി നാണയത്തുട്ടുകൾ .

അന്യന്റെ സ്വപ്നം മാന്തുന്ന ചിന്തകൾ ;
അന്യന്റെ രക്തം ചീന്തുന്ന ചിന്തകൾ ;
ലഹരി പതയുന്ന ലാസ്യ ചലനങ്ങൾ;
മദ്യാസക്തി തൻ മാസ്മര ചിന്തകൾ

കൈകൂലി മേശയിൽ വീഴ്ത്തുന്ന ചിന്തകൾ ;
താത്കാല ലഭാത്തിൻ താഴുന്ന ചിന്തകൾ ;
അങ്കലാപ്പിന്റെ വെമ്പുന്ന ചിന്തകൾ ;
അന്തരാളത്തിൻ കായ്കുന്ന ചിന്തകൾ ;

വഴി വണിഭത്തിലെ ലാഭ തുട്ടുകൾ
കാമ തുരുത്തിന്റെ വില്പന ചീട്ടുകൾ
യെന്തും വിൽക്കാൻ വെമ്പുന്ന ചിന്തകൾ;
യെന്തും സഹിക്കാൻ യൊരുങ്ങും മനസ്സുകൾ .

ജാതി മതത്തിന്റെ മത്സര ചിന്തകൾ ;
കപട തല്പര രാഷ്ട്രിയ ചിന്തകൾ ;
അന്ധകാരത്തിന്റെ പടരുന്ന ചിന്തകൾ ;
സ്വാർത്ഥതയുടെ ഭ്രാന്തൻ പിമ്പുകൾ.
ഇനി വരും നാളുകൾ !!
അമ്പരപ്പിന്റെ ചന്ത തെരുവുകൾ

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Thursday 8 May 2014

തൃശൂർ പൂരം
---------------
കണ്‍ തുറക്കുമ്പോൾ -
പൂരം മഹാവിസ്മയം !
പൂരങ്ങളും ചെറുപൂരങ്ങളും ചേർന്നു ;
പൂത്താലമായി നിറ വർണോൽസവം .
പാറമേക്കാവിൽ നിറപറ തീര്ത്തും ;
തിരുവമ്പാടിയിൽ താളം പിടിച്ചും ;
ഇലഞ്ഞിത്തറയിൽ മേളം പൊഴിച്ചും -
പൂരം വരവായ് ,ആനന്ദകാലമായ്‌ !
താളമേളങ്ങളിൽ ,പഞ്ചവാദ്യങ്ങളിൽ ,
കുടമാറ്റത്തിനു പന്തൊൽരുക്കൻ -
നീയും വായോ വിണ്‍ താരമെ .
പൂര വീഥികൾ പുളകം ചാർത്തി;
ഗജരാജന്മാർ തിലകം ചാർത്തി ;
വാഴ്ക വാഴ്ക യെൻ സംസ്കാര ചരിതമെ !!

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Wednesday 7 May 2014

രക്തസാക്ഷികൾ
---------------------------------
ഞങ്ങൾക്കൊരു രക്തസാക്ഷിയെ
രക്ത രക്ഷസായി വേണം !
അയാളൊരു സ്കൂൾ മാഷോ ,
തൊഴിലാളിയോ ,അതുമല്ലെങ്കിൽ -
ഒരജ്നാതനൊ ?
ജീവനുള്ളതോ, ജഡമയതോ ,
ഹിന്ദുവൊ ,മുസ്ലിമൊ,ക്രിസ്റ്റ്യനൊ-
ആരുമാകട്ടെ അയാൾക്കൊരു പേരുവേണ്ട !
പേരറിവാളൻ ......!
തെക്കു നിന്നും വന്ന ജാഥയിൽ ;
അയാളൊരു ബഹുവർണ്ണ ചിത്രം !
വടക്കു നിന്നും വന്ന ജാഥയിൽ,
അയാളൊരു പീഡിതനും !
ജഡത്തിനുള്ള അവകാശികൾ -
ഊരു തിരിഞ്ഞും ജാതി തിരിഞ്ഞും -
മോർച്ചറിക്കു നേരെ .
മോർച്ചറിയിലെ ജഡങ്ങൾ -
ഭയന്നസ്വസ്ഥരായി -
കുഴികൾ തിരഞ്ഞും ,
സ്വർഗ്ഗ നരകങ്ങൾ തിരഞ്ഞും -
പെട്ടികളിൽ തണുത്തുറയുമ്പോൾ ;
മോർച്ചറിക്കു മുന്നിൽ-
നിരന്നു വീഴുന്നു പുതിയ ജഡങ്ങൾ;
രക്തസാക്ഷിത്വത്തിന്റെ വേരുകൾ തേടി !
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Tuesday 6 May 2014

യാത്രാമൊഴി
----------------------
യാത്ര തുടങ്ങിയ നാളിൽ -
വിചിത്ര സ്വപ്നങ്ങളിൽ ;
ചേക്കേറും മനസ്സിന്റെ ;
കറുത്ത ദിനങ്ങളെ കാണാതെ -
വെളുത്ത വസ്ത്രവും ധരിച്ചു നില്ക്കവേ;
തൃപ്ത്തിയുടെ അകത്തളങ്ങളിൽ ,
മദനോത്സവങ്ങളുടെ ;
നവ മുഹൃത്തങ്ങളിൽ;
ജീവിതമിതുതന്നെ യെന്നാർത്തു-
മധുവിൽ കുളിച്ചു നില്ക്കവേ ;
അശാന്തിയുടെ തീരങ്ങളിൽ -
പായുന്ന നിമിഷങ്ങളിൽ ,
ശാന്തിയും തേടി -
യാത്രാമൊഴിയുടെ ദിനങ്ങൾക്കായി-
കാതോർത്തിരുന്നു.

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/