Monday 30 June 2014

ബേപ്പുർ സുൽത്താൻ
     --------------------------
ചുണ്ടിൽ പുകഞ്ഞിറങ്ങും
കട്ടൻ ബീഡിയും 'കണ്ണിൽ
കനമാർന്ന കണ്ണാടിയും ,
കയ്യിൽ കാവ്യമെഴുതും
കറുത്ത പേനയും കൊണ്ടിരിക്കുന്നു
മാങ്കോസ്റ്റിയൻ മരത്തണലിൽ
മലയാളമണ്ണിൻ ഭവാൻ
ബേപ്പൂരിൻ വലിയ സുൽത്താൻ .
പുകഞ്ഞിറങ്ങിയ മഞ്ഞിലും
നിറഞ്ഞിറങ്ങിയ വിണ്ണിലും
നിരന്നുമിന്നും നോക്കുകൾ
കാവ്യമൊഴുകും വാക്കുകൾ .

ഭ്രാന്തു പറയാത്ത ഭ്രാന്തന്റെ
കഥകളിൽ ; പാത്തുമ്മ തൻ
കുഞ്ഞാടുമായ് കൂത്താടുവാൻ;
മൂക്കന്റെ മൂക്കിനെ
തൊട്ടുതലോടുവാൻ ,
ജഗത്തിൻ ചിത്ര ശാലയിൽ
മന്നൻ ഭ്രാന്തുമായി ചിരിക്കുന്നു .

പറഞ്ഞു തീർന്ന കഥകളും ,
പറയാനിരുന്ന കഥകളും
പേനതൻ തുമ്പിൽ പരിത്യാഗം
ചെയ്തിട്ടു പ്രാണനും ഉപേക്ഷിച്ചു
പോയെൻ കഥാകാരൻ .

അരികത്തിരുന്നൊരു-
രാക്കുയിൽ പാടുന്നു
മറുപാട്ടു പാടാതെ
സുൽത്താൻ മറയുന്നു
മാങ്കോസ്റ്റിയൻ മരത്തണലിൽ
കഥ ചൊല്ലി പിരിയുന്നു
മായാതെ മനസ്സിൽ
ഹബീബ കരയുന്നു
മറയാതെ മനസ്സിൽ
സുൽത്താനുമിരിക്കുന്നു
.
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/


Saturday 28 June 2014

എന്തു വേണം
------------------
പാടുന്ന പൈങ്കിളിക്കെന്തു വേണം
ആടിക്കളിക്കാനൊരു ഊഞ്ഞാൽ വേണം;.
ആയിരമായിരം പൂവ് വേണം.
പൂക്കളം തീർക്കാനൊരാളു വേണം 
കൊട്ടും കുരവയുമൊക്കെ വേണം.
കൈകാൽ നിറയെ പൊന്നു വേണം
പൊന്നിൻ പുടവയണിഞ്ഞൊരുങ്ങി
നാദസ്വരത്തിൻ പന്തൽ വേണം

താരാട്ടു പാടുവാനുണ്ണി വേണം
ഉണ്ണിക്കൊരുപാടു കൂട്ടു വേണം
കൂട്ടിൽ പറക്കാൻ കുയിലു വേണം
കുയിലിനു പാടുവാൻ പാട്ടു വേണം

ബാല്യകൗമാര പടിയും കടന്നിട്ട്
വാർദ്ധക്യ കൂടിനരികിൽ നിൽക്കുമ്പോൾ
മോഹം മറക്കുവാനെന്തു വേണം
പഞ്ചേന്ദ്രിയങ്ങളെ ജയിക്ക വേണം.

രോക്ഷം മറക്കുവാനെന്തു വേണം
മോക്ഷം തേടി പോക വേണം.
മോക്ഷം ലഭിക്കുവാനെന്തു വേണം
ഈശ്വര ചിന്തയിൽ ലയിക്ക വേണം .
ജീവിതം ജീവിച്ചു തീർത്തിടുമ്പോൾ
ജീവനെ ജയിക്കുവാനെന്തു വേണം;
മരണത്തിൻ നല്ലൊരു കിടക്ക വേണം.

ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Wednesday 25 June 2014

നാളെ നീ
------------------
മരണത്തെ എനിക്കു ഭയമില്ല ;
മരണം മൗനത്തിന്റെ
തപസ്സിൽ ചടച്ചിരിക്കയാവാം !
കാലം കഴിയുമ്പോൾ അവൻ
തേരാളിയായി പ്രത്യക്ഷപെടാം
അപ്പോഴും
മരണത്തെ എനിക്കു ഭയമില്ല ;
കാരണം എന്റെ ചിന്തകൾ
നന്മതൻ തോട്ടത്തിൽ
ജൈവ വളമിടുന്ന തിരക്കിലാണ് .
അന്തക വിത്തുകൾ
പാട വരമ്പത്തു
വിതയ്ക്കുവാനാകാതെ
വംശ വൃക്ഷ പടുക്കൾ
പടുകുഴിയിലേക്കു
പടിയിറങ്ങുന്നു .
അജ്ഞാത താഴ്‌വരകളിൽ
അന്യം തിന്നുന്ന
സ്വപ്നമോഹങ്ങൾ
അതിരില്ലാ പാടത്തു
യുണർന്നുയരുന്നു. .
കർമ്മ ഫലത്തിന്റെ
കായ്കനികൾ
കാലത്തിന്റെ ഏടുകളിൽ
പുനർജ്ജനിക്കുന്നു.
ആാത്മാവിൻ അണിയറയിൽ;
അന്ത്യാക്ഷര പൂക്കൾ
വീണിതാ ചിരിക്കുന്നു
ഇന്നു ഞാൻ നാളെ നീ
നാളെ നീ ...നാളെ നീ

. ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/



Saturday 21 June 2014

മാവേലി മന്നാ വരിക 
-----------------------------------------
പാതാളത്തിൻ പാതകൾ താണ്ടി
വരിക മന്നാ വേഗത്തിൽ ;
വമ്പന്മാരുടെ കൊമ്പുകൾ വെട്ടി
കൊമ്പൻസ്രാവിനു മുന്നിലിടാൻ.

മാറു പിളർന്നു ചോരകുടിക്കും
മാക്കന്മാരുടെ മധ്യത്തിൽ ,
കണ്ണുകൾ പൊത്തിനടക്കും മർത്യനു
മണ്ണിൽ ചങ്ങല തീർക്കാനായ്‌
തൂണു പിളർന്നു മുന്നിൽ ചാടുക
നരസിംഹത്തിൻ മിഴികളുമായ് .

പിഞ്ചോമനകളുടെ മൊഞ്ചുകൾ
കൊയ്യും കൊലയാളികളെ മണ്ണിലിടാൻ
വസ്ത്രാക്ഷേപ വഴികണ്ണുകളിൽ
വമ്പൻ ബോമ്പുകൾ വാരിയിടാൻ ,
വമ്പുകൾ കാട്ടും പെണ്ണന്മാരുടെ
മണ്ടൻ ചിന്തകൾ മായ്ച്ചീടാൻ
പാതാളത്തിൻ പാതകൾ താണ്ടി
വരിക മന്നാ മാവേലി.

നിയമവ്യവസ്ഥകൾ കാറ്റിൽ തൂറ്റും
കള്ളന്മാരുടെ കയ്യുകളിൽ
കയ്യാമത്തിൻ വളകൾ പൂട്ടി
നാടും നഗരവും രക്ഷിപ്പാൻ ,
കൊള്ളയടിക്കും കൊള്ളക്കാരുടെ
കണ്ണുകൾ കുത്തി പൊട്ടിക്കാൻ,
വർഗ്ഗീയ തീ നാട്ടിൽ പടർത്തും
കൂട്ടാളികളെ കൂട്ടിലിടാൻ,
മനുഷ്യ ചങ്ങല പണിതീമണ്ണിൽ
മാനവ മൈത്രീ യുയർത്തീടാൻ
മനസ്സും മനസ്സും ചേർന്നീ മണ്ണിൽ
ദാരിദ്ര്യ തീ കെടുത്തീടാൻ
പാതാളത്തിൻ പാതകൾ താണ്ടി
വരിക മന്നാ വേഗത്തിൽ;
കയ്യിൽ മിന്നും വാളും പരിചയും
കണ്ണിൽ പാറും അഗ്നിയുമായ് !
-------
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Thursday 19 June 2014

സൈബർ ആത്മഹത്യ
----------------------------
സൈബർ തിരങ്ങളിൽ
ബിക്കിനി മീനുകൾ
മിന്നാമിനുങ്ങു പോൽ
മിന്നി മറയുന്നു . .
നീല സൂര്യൻ
മന്മദ സിരകളിൽ
ഉന്മാദ ബീജമായ്-
യുയർന്നുദിക്കുന്നു
ആണ്‍പെണ്‍ തിരകൾ
വേലിയേറ്റങ്ങളിൽ
പൊൻ തിരകളായ്
പൂത്തു പുളയുന്നു.
അരമനകൾ കടന്നാൾമരം
ദളമർമരം തീർത്തു
ശയന സ്വപ്നം പുതയ്ക്കുന്നു .
ഗർഭപാത്രം തുറന്നു
സൈബർ കുഞ്ഞുങ്ങൾ
നീല നിലാവിൽ ചിരിക്കുന്നു !
ആത്മരതികൾക്കിടയിൽ
നാസിസം മുറുകുമ്പോൾ
ആത്മാവു ഭേദിച്ചു
പോണുകൾകൊഴുക്കുന്നു.
സൈബർ തീരങ്ങളിൽ
മധു വിധു രാവുകൾ
മൗന നൊമ്പര പിറവിയിൽ
കിതക്കുന്നു .
അർബുദം ബാധിച്ചർദ്ധനാരികൾ
തലമുറകൾക്കു തലചായ്ക്കാൻ
മാറിടം തുറക്കുന്നു ! .
സൈബർ മുലകളിൽ
മധുരം നുണഞ്ഞീയാംപാറ്റകൾ
ആത്മഹത്യ പെരുമഴയിൽ
പെറ്റുപെരുകുന്നു!
-------------
നാസിസം,പോണ്‍ -സൈബർ രതിയുമായി ബന്ധപ്പെട്ടു ഉപയോഗത്തിലിരിക്കുന്ന വാക്കുകൾ
സൈബർ തീരങ്ങളിൽ ആത്മഹത്യാ ചെയ്യുന്ന മനസ്സുകൾക്കായി അപകടം ! ഒരു .
തിരിച്ചറിവ്
(1)നാസിസം (Narcissism) സ്വന്തം ആഗ്രങ്ങൾ സഫലീകരിക്കാൻ നിഷ്കരുണമുള്ള ശ്രമങ്ങൾ ശീലിക്കുന്ന വ്യക്തിത്വം ,ഏതൊരിടത്തും ഞാൻ എന്ന സ്വഭാവ വൈകല്യം ,ആത്മരതിയുമായി ബന്ധപ്പെട്ടു സൂചിപ്പിക്കുന്നു .
(2)പോണ്‍.-അശ്ലീലം ,സൈബർ സെക്സ്സ് വ്യവസായവുമായി ബന്ധപ്പെട്ടു സൂചിപ്പിക്കുന്നു ..
കടപ്പാട് -Dr.ഷാഹുൽ അമീൻ,സൈക്കാട്രിസ്റ്റ്
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Saturday 14 June 2014

അതിജീവനം 
-------------------
നൂൽ ബന്ധമില്ലാതെ 
ആൽമര തണലിലൊരാ ;
ത്മാവ് വന്നിരിക്കുന്നു . 
ഓക്സിജൻ കുഴലിലെ - 
പ്രാണന്റെ തുണ്ടിനെ -
പ്രണയിക്കുവാൻ മാത്രമായി !
പാരിന്റെ നെഞ്ചിലെ -
കൂടുകളൊക്കെയും
കാട്ടുതീ വന്നു കവരും ;
പ്രാണനുവേണ്ടി നീ-
നാടായ നാടൊക്കെ -
കേണു കുഴഞ്ഞു കരയും !
ഓക്സിജൻ കുഴലിലെ -
പ്രാണന്റെ തുണ്ടിനെ-
ആത്മാർത്ഥമായി നീ മുകരും .
വെട്ടിപിടുത്തവും,
കെട്ടിപിടുത്തവും -
ഒന്നുമേ ബാക്കിയാവില്ല!
വറ്റിവരണ്ട കാലവും ,നദികളും -
മുറ്റത്തു കാവലാളാകും !

ഹബീബ് , പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/.

പ്രകൃതിയുടെ നാശം പ്രാണവായുവിന്റെ നാശത്തിനു കാരണമാകും ;മോക്ഷം കിട്ടാതെ ആത്മാക്കൾ അലയുന്നതുപോലെ ജീവനുള്ള ആത്മാകൾ പ്രാണവായുവിനുവേണ്ടി ഭൂമിയിൽ അലയേണ്ടി വരും ഓർക്കുക. മെയ്‌ 25.2014 ലിൽ പ്രസാധനം ചെയ്ത ഹരിശ്രീ കവിതകൾ എന്ന കവിതാസമാഹാരത്തിലെ എന്റെ കവിത

Tuesday 10 June 2014

എസ്കോബാർ
----------------------
എസ്കോബാർ അങ്ങ്
കൊളമ്പിയ തൻ കളികളത്തിലെ 
ചുണക്കുട്ടി
മെയ് വഴക്കത്തിന്റെ കരുത്തിലും
കാൽ പന്തിന്റെ കുതിപ്പിലും
കാലം സ്മരിക്കും പോരാളി .
എസ്കോബാർ നീ
കൊളമ്പിയ തൻ ചുണകുട്ടി
യെങ്കിലും അത്ഭുതങ്ങൾക്കപ്പുറം
ജീവിതം ചതിച്ചൊരു
ക്രൂര വിധി തൻ രക്തസാക്ഷി !
പ്രണയം കാൽ പന്ത് പോൽ
കണ്ണൊടടുക്കുമ്പൊൾ;
മരണം നീരാളി പോൽ
നെഞ്ചോടടുക്കുന്നു .
വാതുവെപ്പിൻ വടം വലികളിൽ
ചതിയൊരുക്കും കളികളങ്ങളിൽ
ഭ്രാന്തൻ കൊലയാളി തൻ തോക്കിലെ
ഓരോ തിരയിലും ഗർജ്ജനം
മരണ മണിതൻ മുഴക്കം
ഗോൾ... ഗോൾ... ഗോൾ
മൈതാനത്തിൻ നടുവിലൂടെ
ഉരുളും പന്തിലും ;
കാൽ വഴക്കത്തിന്റെ
മാസ്മരിക ചലനത്തിലും;
കാണികൾ തൻ
കരഘോഷത്തിൻ നടുവിലും ;
എസ്കോബാർ നീ ഒരോർമയായ്
നമ്മുക്കു ചുറ്റും കറങ്ങുന്നു
ലോക കപ്പിൻ അകത്തളങ്ങളിൽ.
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Saturday 7 June 2014

കാത്തിരിപ്പ്‌
-----------------
കുന്തിയും മക്കളും കാത്തിരിക്കുന്നു
കാടാറുമാസം കഴിഞ്ഞിരിക്കുന്നു
കൂരിരുൾ കാട്ടിൽ നിന്നകന്നിരിക്കുന്നു
കല്ലുകൾ മുള്ളുകൾ കുറഞ്ഞിരിക്കുന്നു.
ഹസ്തിനപുരിയൊ മറന്നിരിക്കുന്നു;
അംശ ബന്ധങ്ങളും മുറിഞ്ഞിരിക്കുന്നു.
നാട്ടിലേക്കെത്തുവാൻ നേരമായി
നറുമൊഴി കേൾക്കുവാൻ തിടുക്കമായി
ജന്മ പുരിയിലെ മണികിലുക്കം
ഉള്ളിന്റെ യുള്ളിൽ മുഴക്കമായി .
ബന്ധു ജനങ്ങൾ സഭാവാസികൾ ,
സാധു ജനങ്ങൾ പ്രജാവാസികൾ
കാത്തിരിക്കുന്നു വരവേൽപ്പുമായി
പാണ്ഡവർ പാഞ്ചാലിയോടൊത്തുവന്നു
കുന്തി തൻ കണ്ണുകൾ തേൻ നുകർന്നു
വീരന്മാർ വിശ്വം നിറഞ്ഞു നിന്നു
കൃഷ്ണന്റെ നേരിൽ തെളിഞ്ഞു നിന്നു .
കൗരവ കുലത്തിൻ കരൾതുടുപ്പിൽ
പാണ്ഡവരൊക്കെയും പറന്നണഞ്ഞു;
ഭീതി പെരുമ്പറ കൊട്ടിവന്നു
സോദരർ ശത്രുവായ് പട നയിച്ചു
.
ശകുനി കൂട്ടത്തി ലൊളിച്ചു നിന്നു
കള്ള ചൂതുമായ് കളിച്ചു നിന്നു
കാഴ്ച്ചകൾ കണ്ടു രസിച്ചു നിന്നു
കുരുക്ഷേത്ര ഭുമി തരിച്ചു നിന്നു
കുന്തിയും കർണ്ണനും നോക്കിനിന്നു
കണ്ണോടു കണ്ണു കരഞ്ഞു നിന്നു
ഉള്ളിന്റെ യുള്ളിൽ നിറഞ്ഞുനിന്നു
വാത്സല്ലിയമാകെ പകച്ചു നിന്നു.
ആനകൾ,കുതിരകൾ നിരന്നു നിന്നു
കാലാൾ പടയും ചേർന്നു നിന്നു
വാളുകൾ, പരിചകൾ മിന്നിനിന്നു
ശിരസ്സും, മനസ്സും മുറിഞ്ഞു നിന്നു
ഭീഷ്മർ ശരമേറ്റ്‌ നിലം പതിച്ചു
ശരശയ്യ ശാപമായ് ചേർന്നണഞ്ഞു.
ഗുരുവാം ദ്രോണരും പടപിരിഞ്ഞു
പടക്കളമാകെ തകർന്നുലഞ്ഞു,
കണ്ണന്റെ ഗീതയിൽ മനകരുത്തിൽ
അർജുനൻ അമ്പുകൾ തൊടുത്തു നിന്നു
കർണ്ണന്റെ മാറും പിളർന്നു കൊണ്ട്
അർജുന വിഷാദം തകർന്നു വീണു .
ഭീമൻ ഗദയുമായി ചാടി വീണു
ദുശ്വാസനന്റെ ശിരസ്സു വീണു .
ദുര്യോദനന്റെ തുട പിളർന്ന്
ചുടു ചോര മണ്ണിൽ നിറഞ്ഞു നിന്നു
യുദ്ദം കഴിഞ്ഞു കളം നിറഞ്ഞു
കബന്ധങ്ങളൊക്കെയും ചിതറി വീണു
ബന്ധു ജഡങ്ങൾ നിറയെ വീണു
മണ്ണും, വിണ്ണും മനം കരഞ്ഞു .
ഗാന്ധാരി കണ്ണീർ പൊഴിച്ചു നിന്നു
നൂറ്റോർ മണ്ണിൽ മറഞ്ഞു നിന്നു
കർണ്ണന്റെ ശിരസ്സും മടിയിലേന്തി
കുന്തി പരസ്പരം ശപിച്ചിരുന്നു.
ധർമ്മാധർമമങ്ങൾ മറഞ്ഞു നിന്നു
ധർമ്മശാലകൾ സ്വയം തിരഞ്ഞു
നേട്ടങ്ങളൊക്കെയും അനർത്ഥമായി
കാത്തിരിപ്പിന്നൊരു ദുരന്തമായി.
ശകുനിമാരിപ്പോഴും കാത്തിരിക്കുന്നു
സകല തന്ത്രങ്ങളും മെനെഞ്ഞിരിക്കുന്നു
ചുറ്റോടു ചുറ്റും കവർന്നിരിക്കുന്നു
ഒന്നായ നിന്നെ രണ്ടാക്കി മാറ്റാൻ !
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/