Wednesday 30 December 2015

             ഭൂമിഗീതം
 ..................................
നിങ്ങളറിയുമോ ശാദ്വല ഭൂമിയെ
കണ്ണീർ പൊഴിക്കും സ്വപ്നതീരങ്ങളെ
നിങ്ങൾ മറന്നോരു സ്വർഗ്ഗയാനങ്ങളും
നിങ്ങൾ തിരഞ്ഞോരു നരകവാതായനങ്ങളും
തീരമണയുവാൻ നേരമാകുന്നുവൊ ?

നിങ്ങളറിയുന്നുവോ നഗ്നനേത്രങ്ങളെ
നമ്മൾ ജനിച്ചോരു മണ്‍കുടിൽ തൊട്ടിലും
നമ്മൾ വളർന്നോരു താരിളം മേട്ടിലും
ചൂട് ചുരത്തുന്നു മണൽക്കാട് പൊന്തുന്നു
ചാര് ചാറ്റുന്നു കനൽക്കാറ്റു വീശുന്നു .

ഇന്നലെ ഞാൻ കണ്ട സ്വപ്‌നങ്ങളൊക്കെയും
ഇന്നിതാ മണ്‍മടിയിൽ നൊന്തുപിടയുന്നു
ഇന്നലെ നീവന്ന വന്ന വഴികളൊക്കെയും
ഇന്നിതാ മരുഭൂവിൽ തെന്നിമറയുന്നു.

കാനൽജലം കാണ്‍കെ കണ്മിഴിച്ചോടുന്നു
മരുപ്പച്ച തേടുന്ന മാനസ്സം തേങ്ങുന്നു
മായയിൽ മധുവിൽ മയങ്ങുന്ന ജീവിതം
പ്രളയകാലത്തിന്റെ ശിരസ്സുമായി നീങ്ങുന്നു
 .
നാളെ നിൻ നാളുകൾ ഭ്രാന്തമായ് ചേർന്നിടാം
നാളെ നിൻ നാവുകൾ നീർച്ചോല  കൊതിച്ചിടാം
നാളെകൾ നഷ്ടമായി അന്യംതിന്നിടാം
അന്യോന്യം നമ്മൾ വന്ധീകരിച്ചിടാം!

നക്ഷത്രങ്ങളൊക്കെയും മിന്നുന്ന സന്ധ്യയിൽ
സന്ധ്യാവന്ദനം ചൊല്ലുന്നു പകലുകൾ
ഏവർക്കും നന്മകൾ നേരുന്നു ചേതന
പ്രകൃതിയെ സ്നേഹിച്ചു സ്നേഹിച്ചു കഴിയണം .

       *********************
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Sunday 13 September 2015

അന്നദാനം 
-----------------
അന്നദാനം മഹാദാനം 
നമ്മൾ നല്കും ശ്രേഷ്ഠദാനം 
ദാനമെല്ലാം കൊടുക്കണം 
ദാഹമെല്ലാം തീർക്കണം.
അരിമണികൾ പയർമണികൽ
അരവയറിൻ ചെറുമണികൾ
പാഴിലാക്കി കളയാതെ 
പാവങ്ങൾക്കായി നല്കേണം.
കൊടിയ പട്ടിണിയാണു മണ്ണിൽ
കോടി മനുഷ്യ മഹാപക്ഷം .
ഉടുതുണിക്കൊരു മറുതുണിയൊ
ഒന്നു ചായാൻ മണ്‍കുടിലൊ
ഒന്നുമില്ലാതൊടുംങ്ങുംമ്പോൾ
നമ്മൾ ചെയ്യും സേവനങ്ങൾ
ധന്യമാക്കും മനുഷ്യജന്മം.
അന്നദാനം മഹാദാനം
അമ്മമാർക്കായി കുട്ടികൾക്കായി
രക്ഷയേകും അച്ചനുമായി
നന്മയേറും മനസ്സുമായി
നന്ദി കാട്ടുക ദൈവ കൃപയാൽ
.
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Tuesday 23 June 2015

മധുരമെന്‍ മലയാളം 
------------------------
മധുരമെന്‍ മലയാളം 
മധുരമായ് മലയാളം 
മൃദുലമായ് മലയാളം
മനസ്സിലെന്‍ മലയാളം (മധുരമെന്‍ .........)
മമത തന്‍ മന്ത്രങ്ങളില്‍
സമത തന്‍ മന്ത്രണങ്ങളില്‍
പദങ്ങള്‍ തന്‍ ചലനങ്ങളായ്
പകരുവാന്‍ മലയാളം (മധുരമെന്‍ .........)
അക്ഷരപുഷ്പങ്ങളില്‍
അലങ്കാരശബ്ദങ്ങളില്‍
അര്‍ത്ഥവുമാനന്ദവു-
മറിയുവാന്‍ മലയാളം . (മധുരമെന്‍ .........)
കേരളചരിതങ്ങളില്‍
കേളിതന്‍ മേളങ്ങളില്‍
കലയുമായ് മലയാളം
കവിതയായ് മലയാളം .(മധുരമെന്‍ .........)
പറയുവാന്‍ മലയാളം
പാടുവാന്‍ മലയാളം
അറിവുമായ് മലയാളം -
അറിയുവാന്‍ മലയാളം (മധുരമെന്‍ .........)
************************************
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/ .....
*****************************

Saturday 21 March 2015

വീട്ടിലേക്കുള്ള വഴി 
--------------------------
വീട്ടിലേക്കുള്ള വഴിയിൽ
ഞാനെന്റെ കൊന്തയും ,
പൂണൂലും ,കാശി മുണ്ടും ,
മഞ്ഞച്ചരടും ,മാപ്പിളതൊപ്പിയും
എന്നേക്കുമായി മറന്നു പോയി !
മഞ്ഞയും ,പച്ചയും, കാവി നിറങ്ങളും
ഒട്ടുമേ കണ്ണിൽ മയങ്ങിയില്ല
കാടാറുമാസം നാടാറുമാസം
കാട്ടി കൊടുക്കുവാൻ കാലമില്ല .
വിണ്ണിൽ ബലിയിടാൻ ഉണ്ണിയില്ല ;
അന്ത്യ കൂദാശക്കായി അച്ചനില്ല ;
ബാങ്കിൻ നാദവും കേട്ടുമില്ല ;
അന്ത്യദിനത്തിന്റെ കൂട്ടു മാത്രം !
ഒറ്റയ്ക്കു പോകുമീ യാത്രയിൽ-
ഞാനെന്റെ പട്ടു തൂവാല നീട്ടി വീശി
നീല നിലാവിന്റെ തോണിയിലക്കരെ
സ്നേഹ പിറാവിന്റെ കൂട്ടിലായി
സ്വർഗ്ഗ നരകങ്ങൾക്കപ്പുറം നിന്നൊരു
വർഗ്ഗസമരത്തിൻ പാട്ടൂ കേട്ടൂ !
പാടി പറക്കുവാന്‍ പാലമൃതുണ്ണുവാന്‍
പാടത്തിന്‍ പൈങ്കിളി പാറിയെത്തി.
ഓർമ്മകൾ മാഞ്ഞോരു നേരത്തു ഞാനെന്റെ
പേരും കിനാവും വലിച്ചെറിഞ്ഞു
ഓളങ്ങൾ ഓതുന്ന വെണ്‍നിലാ ചോലയിൽ
മുങ്ങി പറക്കുവാൻ കാത്തു നിന്നു !
ദൂതുമായെത്തുന്ന പാൽനിലാപുഞ്ചിരി
നേരെ വിളിക്കുന്നു എന്നെ നോക്കി
പാവന ലോകത്തിൽ പാപങ്ങളില്ലാതെ
പാവമൊരാത്മാവായ് ചേർന്നിരിക്കാന്‍
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Friday 20 March 2015

കാമ കാണ്ഡം
--------------------
കത്തുന്ന വയറും കരിയുന്ന മനവുമായി
തെരുവിന്റെ മകള്‍ ഭിക്ഷയിരക്കുന്നു
ഒട്ടിയ വയറിന്‍റെ കാളലില്‍ വാക്കുകള്‍ 
പൊട്ടിച്ചിതറുന്നു കണ്ണീര്‍ മണികളായ്
"ഒരു പത്തു രൂപ തരുമോ ചേട്ടാ" ??
"ഒരു പത്തു രൂപ തരുമോ അണ്ണാ" ??
പത്തല്ല,നൂറല്ല ,ആയിരം തരാം
പത്തു നിമിഷത്തിന്‍ വിലയാണു പെണ്ണേ
പാത്തും പതുങ്ങിയും ചുണ്ടുകള്‍ ചിലമ്പുന്നു.
പട്ടിണി തിന്നാലും പാപം പറയാതെ
കൊഞ്ചി കുഴയാതെ പോവെന്റെ ചേട്ടാ
കൊന്നു തിന്നാന്‍ വരാതെ അണ്ണാ
പാവം പെണ്ണവള്‍ കേണു കരയുന്നു .
ആരാന്റെ പൈതൃകം ഭാരമായിപേറുന്ന
ആരാനുമില്ലാത്ത പെണ്ണവള്‍ പിടയുന്നു.
ആയിരം കണ്ണുകള്‍ രാവില്‍ കലരുമ്പോള്‍
ആലംബമില്ലാതെ വഴി നീളെ പായുന്നു .
കഴുകന്റെ കണ്ണുകള്‍ കൊതിയോടടുക്കുന്നു
കടലിലെ തിരമാല കാതോര്‍ത്തിരിക്കുന്നു.
കാമപുരകള്‍ കത്തിജ്വലിക്കുന്ന
കാലഘട്ടത്തിന്‍റെ മേച്ചില്‍ പുറങ്ങളില്‍
വിത്തു വിതയ്ക്കുവാന്‍ തക്കം തിരയവേ
കത്തുന്ന പന്തവും കയ്യില്‍ കൊടുവാളും
കാട്ടിയ പെണ്‍കൊടി
കിട്ടിയ ചേട്ടന്റെ ലിംഗം(കാമം) മുറിക്കുന്നു!
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Monday 9 March 2015


ഭ്രാന്താലയം
---------------
മരണകാലം പഴുക്കുന്നു ചുറ്റിലും
മദനമൂറി പറക്കുന്നു കാറ്റിലും
കരുണയില്ല സഹചരിലൊക്കെയും
കഥനമേറി കറക്കുന്നു ബാധകൾ .
ചിന്തയാകെ ചിതറുന്നു മ്ളേച്ചമായ്
ചിത്തമാകെ പതറുന്നു വ്യർത്ഥമായ്
ചന്തമൂറും ചതിതൻ വാക്കുകൾ
മന്ത്രമായി ധ്വനിക്കുന്നു ധരണിയിൽ .
സംസ്കാര ശൂന്യം മൌഡ്യം മതാന്തരം
സംസ്കാര രാഹിത്യ താണ്ഡവനൃത്തമായ്
ഭൂമി പോലും ഞെട്ടുന്നു ഭ്രാന്തമായ് !
കാലമൊക്കെയും കീഴ്മേൽ മറിയുന്നു
കാലപാശം കരളിൽ മുറുകുന്നു.
കാതലെല്ലാം കീറി പുകയുന്നു
അശ്രുവില്ല മിഴികളിലൊന്നിലും
ആര്‍ത്തി ചാർത്തിയാളുന്നു ഹൃദയങ്ങൾ !
കാമമാണ് കമ്പോള ധേനുവിൽ
ലാഭമാണ് വാണിഭശാലയിൽ
കാലനാണ് പുണ്യ പ്രമാണികൻ
കത്തിയാണതിൻ അടയാള ചിഹ്നവും !
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Monday 22 December 2014

ഘർ വാപ്പസ്സി
----------------------
മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ
മലർന്നു തുപ്പുന്നു ഘർ വാപ്പസ്സി .
മതാന്തത മുറുകെ പുണർന്നാഞ്ഞു 
തൻ മാറിടം കുത്തി ചൊറിയുന്നു മന്ദര.
മന്ദഹാസം മറഞ്ഞൊരു മുഖവുമായ് മാധവൻ
മൌനരാഗം മുരളിയിൽ മൂളവെ
കാളിന്ദിയിൽ കാളകൂടം നിറയ്ക്കുവാൻ
മതാന്തരൊത്തുകൂടുന്നു മരണ ഭ്രാന്തുമായ് .
****************
രാമനാമം ജപിച്ചൊരു മുത്തശ്ശി
രാഹുകാലം പുണരുന്നതു കണ്ട്
രാമ രാമ യിതെന്തു കഥയെന്നു
രാമ നാമം കൈ കൂപ്പി ചൊല്ലവേ
ദരിദ്ര രാവണന്മാർ ഒത്തുകൂടുന്നു
രാമരാജ്യം നരകാദ്രമാകുമോ ?
*****************
ആര്യവംശ ബോധം ഉരുട്ടി നീ
ആദ്യ ദ്രാവിഡ ഗോത്രം മുടിക്കുമോ
ആർഷഭാരത ചരിത്രം തിരുത്തുവാൻ
അന്ത്യകൂദാശാ സ്നാനം നടത്തുമോ
അന്ന്യരായി ബന്ധം മുറിച്ചു നാം
ഭിന്നരായി ബലിയിട്ടു പിരിയുമോ ?
ഇതെന്റെ രാജ്യം, ഇതെന്റെ രാജ്യമെന്ന -
ഭിമാനപൂർവ്വം വിളിക്കുമ്പോഴും
പാതിവഴിയിൽ പാതിമനസ്സുമായ്
ജന്മഭൂമിൽ മരിച്ചു വീഴുമോ ?
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/