Saturday 21 March 2015

വീട്ടിലേക്കുള്ള വഴി 
--------------------------
വീട്ടിലേക്കുള്ള വഴിയിൽ
ഞാനെന്റെ കൊന്തയും ,
പൂണൂലും ,കാശി മുണ്ടും ,
മഞ്ഞച്ചരടും ,മാപ്പിളതൊപ്പിയും
എന്നേക്കുമായി മറന്നു പോയി !
മഞ്ഞയും ,പച്ചയും, കാവി നിറങ്ങളും
ഒട്ടുമേ കണ്ണിൽ മയങ്ങിയില്ല
കാടാറുമാസം നാടാറുമാസം
കാട്ടി കൊടുക്കുവാൻ കാലമില്ല .
വിണ്ണിൽ ബലിയിടാൻ ഉണ്ണിയില്ല ;
അന്ത്യ കൂദാശക്കായി അച്ചനില്ല ;
ബാങ്കിൻ നാദവും കേട്ടുമില്ല ;
അന്ത്യദിനത്തിന്റെ കൂട്ടു മാത്രം !
ഒറ്റയ്ക്കു പോകുമീ യാത്രയിൽ-
ഞാനെന്റെ പട്ടു തൂവാല നീട്ടി വീശി
നീല നിലാവിന്റെ തോണിയിലക്കരെ
സ്നേഹ പിറാവിന്റെ കൂട്ടിലായി
സ്വർഗ്ഗ നരകങ്ങൾക്കപ്പുറം നിന്നൊരു
വർഗ്ഗസമരത്തിൻ പാട്ടൂ കേട്ടൂ !
പാടി പറക്കുവാന്‍ പാലമൃതുണ്ണുവാന്‍
പാടത്തിന്‍ പൈങ്കിളി പാറിയെത്തി.
ഓർമ്മകൾ മാഞ്ഞോരു നേരത്തു ഞാനെന്റെ
പേരും കിനാവും വലിച്ചെറിഞ്ഞു
ഓളങ്ങൾ ഓതുന്ന വെണ്‍നിലാ ചോലയിൽ
മുങ്ങി പറക്കുവാൻ കാത്തു നിന്നു !
ദൂതുമായെത്തുന്ന പാൽനിലാപുഞ്ചിരി
നേരെ വിളിക്കുന്നു എന്നെ നോക്കി
പാവന ലോകത്തിൽ പാപങ്ങളില്ലാതെ
പാവമൊരാത്മാവായ് ചേർന്നിരിക്കാന്‍
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Friday 20 March 2015

കാമ കാണ്ഡം
--------------------
കത്തുന്ന വയറും കരിയുന്ന മനവുമായി
തെരുവിന്റെ മകള്‍ ഭിക്ഷയിരക്കുന്നു
ഒട്ടിയ വയറിന്‍റെ കാളലില്‍ വാക്കുകള്‍ 
പൊട്ടിച്ചിതറുന്നു കണ്ണീര്‍ മണികളായ്
"ഒരു പത്തു രൂപ തരുമോ ചേട്ടാ" ??
"ഒരു പത്തു രൂപ തരുമോ അണ്ണാ" ??
പത്തല്ല,നൂറല്ല ,ആയിരം തരാം
പത്തു നിമിഷത്തിന്‍ വിലയാണു പെണ്ണേ
പാത്തും പതുങ്ങിയും ചുണ്ടുകള്‍ ചിലമ്പുന്നു.
പട്ടിണി തിന്നാലും പാപം പറയാതെ
കൊഞ്ചി കുഴയാതെ പോവെന്റെ ചേട്ടാ
കൊന്നു തിന്നാന്‍ വരാതെ അണ്ണാ
പാവം പെണ്ണവള്‍ കേണു കരയുന്നു .
ആരാന്റെ പൈതൃകം ഭാരമായിപേറുന്ന
ആരാനുമില്ലാത്ത പെണ്ണവള്‍ പിടയുന്നു.
ആയിരം കണ്ണുകള്‍ രാവില്‍ കലരുമ്പോള്‍
ആലംബമില്ലാതെ വഴി നീളെ പായുന്നു .
കഴുകന്റെ കണ്ണുകള്‍ കൊതിയോടടുക്കുന്നു
കടലിലെ തിരമാല കാതോര്‍ത്തിരിക്കുന്നു.
കാമപുരകള്‍ കത്തിജ്വലിക്കുന്ന
കാലഘട്ടത്തിന്‍റെ മേച്ചില്‍ പുറങ്ങളില്‍
വിത്തു വിതയ്ക്കുവാന്‍ തക്കം തിരയവേ
കത്തുന്ന പന്തവും കയ്യില്‍ കൊടുവാളും
കാട്ടിയ പെണ്‍കൊടി
കിട്ടിയ ചേട്ടന്റെ ലിംഗം(കാമം) മുറിക്കുന്നു!
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/

Monday 9 March 2015


ഭ്രാന്താലയം
---------------
മരണകാലം പഴുക്കുന്നു ചുറ്റിലും
മദനമൂറി പറക്കുന്നു കാറ്റിലും
കരുണയില്ല സഹചരിലൊക്കെയും
കഥനമേറി കറക്കുന്നു ബാധകൾ .
ചിന്തയാകെ ചിതറുന്നു മ്ളേച്ചമായ്
ചിത്തമാകെ പതറുന്നു വ്യർത്ഥമായ്
ചന്തമൂറും ചതിതൻ വാക്കുകൾ
മന്ത്രമായി ധ്വനിക്കുന്നു ധരണിയിൽ .
സംസ്കാര ശൂന്യം മൌഡ്യം മതാന്തരം
സംസ്കാര രാഹിത്യ താണ്ഡവനൃത്തമായ്
ഭൂമി പോലും ഞെട്ടുന്നു ഭ്രാന്തമായ് !
കാലമൊക്കെയും കീഴ്മേൽ മറിയുന്നു
കാലപാശം കരളിൽ മുറുകുന്നു.
കാതലെല്ലാം കീറി പുകയുന്നു
അശ്രുവില്ല മിഴികളിലൊന്നിലും
ആര്‍ത്തി ചാർത്തിയാളുന്നു ഹൃദയങ്ങൾ !
കാമമാണ് കമ്പോള ധേനുവിൽ
ലാഭമാണ് വാണിഭശാലയിൽ
കാലനാണ് പുണ്യ പ്രമാണികൻ
കത്തിയാണതിൻ അടയാള ചിഹ്നവും !
ഹബീബ് പെരുംതകിടിയിൽ
http://habeebesahithyalokam.blogspot.com/